ഇങ്ങനെ ആയിരുന്നെങ്കില്‍ അങ്ങനെയാകുമായിരുന്നു’ എന്ന് പറയുന്നതിന്‍റെ വിധിയെന്താണ്?
ചോദ്യം: ‘ഇങ്ങനെ ആയിരുന്നെങ്കില്‍ അങ്ങനെയാകുമായിരുന്നു’ എന്ന് പറയുന്നതിന്‍റെ വിധിയെന്താണ്?
ഉത്തരം: അറബിയില്‍ ‘ലൗ’ (لَوْ) എന്നാണ് ‘ഇങ്ങനെയായിരുന്നെങ്കില്‍’ എന്ന പദത്തിന് പറയുക. ഇപ്രകാരം പറയുന്നതിന്‍റെ വിധി വിശദീകരിക്കേണ്ടതുണ്ട്.
ഒന്നാമത്തെ രൂപം: ഒരാള്‍ കേവലം ഒരു വാര്‍ത്ത അറിയിക്കുന്നതിന് വേണ്ടിയാണ് ഈ പദം ഉപയോഗിച്ചതെങ്കില്‍ അതില്‍ യാതൊരു തെറ്റുമില്ല. ഉദാഹരണത്തിന് ‘നീ എന്നെ സന്ദര്‍ശിച്ചിരുന്നെങ്കില്‍ ഞാന്‍ നിന്നെ ആദരിക്കുമായിരുന്നു’, ‘നിന്നെ കുറിച്ച് എനിക്ക് അറിയുമായിരുന്നെങ്കില്‍ ഞാന്‍ നിന്‍റെ അരികില്‍ വരുമായിരുന്നു’ എന്നൊക്കെ പറയുന്നത് പോലെ.
രണ്ടാമത്തെ രൂപം: തന്‍റെ ആഗ്രഹങ്ങള്‍ പറയാന്‍ ഈ പദം ഉപയോഗിക്കുക എന്നതാണ്. അവന്‍ ആഗ്രഹിക്കുന്നത് നډയാണെങ്കില്‍ അതിനവന് പ്രതിഫലമുണ്ടായിരിക്കും; അവന്‍റെ നിയ്യതിന്‍റെ അടിസ്ഥാനത്തില്‍. എന്നാല്‍ മറ്റു വല്ലതുമാണ് അവന്‍റെ ആഗ്രഹമെങ്കില്‍ അതിന്‍റെ പ്രതിഫലം അവന്‍റെ ആഗ്രഹമനുസരിച്ചിരിക്കും.
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമ്പത്ത് ചെലവഴിക്കുന്ന വ്യക്തിയെയും, ചിലവഴിക്കാന്‍ സമ്പത്തില്ലാത്ത വ്യക്തി ‘എനിക്ക് സമ്പാദ്യമുണ്ടായിരുന്നെങ്കില്‍ ഞാനും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചിലവഴിക്കുമായിരുന്നു’ എന്ന് പറയുന്നവനെയും സൂചിപ്പിച്ചു കൊണ്ട് നബി -ﷺ- ഇപ്രകാരം അറിയിച്ചു: ‘അവര്‍ രണ്ടു പേരും പ്രതിഫലത്തില്‍ തുല്ല്യരാണ്.’
എന്നാല്‍ മറ്റൊരു വ്യക്തി ധാരാളം സമ്പത്തുണ്ടെങ്കിലും അത് നډയില്‍ ചിലവഴിക്കാത്തവനാണ്. വേറൊരു വ്യക്തി ഇവനെ പോലെ സമ്പത്ത് (അന്യായമായി) ചിലവഴിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു; ‘ഇവനെ പോലെ സമ്പത്തുണ്ടായിരുന്നെങ്കില്‍ എനിക്കും ഇതു പോലെയെല്ലാം ചെയ്യാമായിരുന്നു’ എന്ന് പറയുന്നു. ഇവരെ കുറിച്ച് നബി -ﷺ- പറഞ്ഞു: “അവര്‍ രണ്ടു പേരും പാപഭാരത്തില്‍ തുല്യരാണ്.”
ചുരുക്കത്തില്‍, തന്‍റെ ആഗ്രഹം പ്രകടിപ്പിക്കുന്നതിനാണ് ഈ വാക്ക് ഉപയോഗിക്കുന്നതെങ്കില്‍ ഏതൊരു കാര്യത്തിനാണോ അവനത് ഉപയോഗിക്കുന്നത്, അതിന് അനുസരിച്ചിരിക്കും അവന്‍റെ പ്രതിഫലവും.
മൂന്നാമത്തെ രൂപം: കഴിഞ്ഞു പോയ കാര്യത്തിലുള്ള നിരാശ പ്രകടിപ്പിക്കുന്നതിന് വേണ്ടി ഈ വാക്ക് ഉപയോഗിക്കുക. ഇത് വിലക്കപ്പെട്ടതാണ്. കാരണം ഇങ്ങനെ വിലപിക്കുന്നത് കൊണ്ട് യാതൊരു ഉപകാരവുമില്ല. മറിച്ച്, നിരാശയും സങ്കടവും വര്‍ദ്ധിപ്പിക്കാന്‍ മാത്രമാണ് അത് ഉപകരിക്കുക.
ഇതിനെ കുറിച്ചാണ് നബി -ﷺ- പറഞ്ഞത്:
«الْمُؤْمِنُ الْقَوِيُّ، خَيْرٌ وَأَحَبُّ إِلَى اللهِ مِنَ الْمُؤْمِنِ الضَّعِيفِ، وَفِي كُلٍّ خَيْرٌ احْرِصْ عَلَى مَا يَنْفَعُكَ، وَاسْتَعِنْ بِاللهِ وَلَا تَعْجَزْ، وَإِنْ أَصَابَكَ شَيْءٌ، فَلَا تَقُلْ لَوْ أَنِّي فَعَلْتُ كَانَ كَذَا وَكَذَا، وَلَكِنْ قُلْ قَدَرُ اللهِ وَمَا شَاءَ فَعَلَ، فَإِنَّ لَوْ تَفْتَحُ عَمَلَ الشَّيْطَانِ»
“ദുര്‍ബലനായ മുഅ്മിനിനെക്കാള്‍ അല്ലാഹുവിന് ഇഷ്ടം ശക്തനായ മുഅ്മിനെയാണ്. നിനക്ക് ഉപകാരപ്പെടുന്ന എല്ലാ നډകളിലും നീ പരിശ്രമിക്കുക; അല്ലാഹുവിനോട് സഹായം തേടുകയും ചെയ്യുക. നീ തളരരുത്. നിനക്ക് എന്തെങ്കിലും (ഉപദ്രവം) ബാധിച്ചാല്‍ നീ പറയരുത്: ‘ഞാന്‍ ഇങ്ങനെ ചെയ്തിരുന്നെങ്കില്‍ അങ്ങനെയാകുമായിരുന്നു’; മറിച്ച്, ‘അല്ലാഹുവിന്‍റെ വിധി. അവന്‍ താന്‍ ഉദ്ദേശിക്കുന്നത് പ്രവര്‍ത്തിക്കുന്നു’ എന്ന് നീ പറയുക. തീര്‍ച്ചയായും ‘അങ്ങനെയായിരുന്നെങ്കില്‍’ (എന്ന വാക്ക്) പിശാചിന്‍റെ പ്രവര്‍ത്തനം തുറന്നു കൊടുക്കും.”
ചുരുക്കത്തില്‍, പ്രയാസങ്ങള്‍ ബാധിച്ച സന്ദര്‍ഭത്തില്‍ ഇങ്ങനെ പറയുന്നത് കൊണ്ട് യാതൊരു ഉപകാരവുമില്ല തന്നെ. കാരണം അവനെ കൊണ്ട് സാധ്യമായതെല്ലാം അവന്‍ ചെയ്തിട്ടുണ്ട്; എന്നാല്‍ അല്ലാഹുവിന്‍റെ വിധി അതിന് വിരുദ്ധമാണ്. ഈ സന്ദര്‍ഭത്തില്‍ ‘ആയിരുന്നെങ്കില്‍’ എന്നും പറഞ്ഞിരിക്കുന്നത് സങ്കടവും നിരാശയും മാത്രമേ വര്‍ദ്ധിപ്പിക്കുകയുള്ളൂ. അത് കൊണ്ടാണ് നബി -ﷺ- അപ്രകാരം പറയുന്നത് വിലക്കിയത്.
കാരണം, ഇസ്ലാം മനുഷ്യനെ ദുഖിതനും നിരാശനുമാക്കാന്‍ ഉദ്ദേശിക്കുന്നില്ല. മറിച്ച്, അവന്‍റെ ഹൃദയത്തെ വിശാലമാക്കാനും, അവനെ സന്തോഷിപ്പിക്കാനും, പ്രസന്നവദനനാക്കാനുമാണ് ഉദ്ദേശിക്കുന്നത്.
ഇക്കാര്യം അല്ലാഹു -تعالى- ഖുര്‍ആനിലും സൂചിപ്പിച്ചിട്ടുണ്ട്:
«إِنَّمَا النَّجْوَى مِنَ الشَّيْطَانِ لِيَحْزُنَ الَّذِينَ آمَنُوا وَلَيْسَ بِضَارِّهِمْ شَيْئًا إِلَّا بِإِذْنِ اللَّهِ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ»
“ആ രഹസ്യസംസാരം പിശാചില്‍ നിന്നുള്ളത് മാത്രമാകുന്നു. മുഅ്മിനീങ്ങളെ ദുഃഖിപ്പിക്കാന്‍ വേണ്ടിയാകുന്നു അത്. എന്നാല്‍ അല്ലാഹുവിന്‍റെ അനുമതികൂടാതെ അതവര്‍ക്ക് യാതൊരു ഉപദ്രവവും ചെയ്യുന്നതല്ല. മുഅ്മിനീങ്ങള്‍ അല്ലാഹുവിന്‍റെ മേല്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ.” (മുജാദില: 10)
ഇത് പോലെ തന്നെയാണ്; പ്രയാസപ്പെടുത്തുന്ന സ്വപ്നങ്ങളുടെ കാര്യത്തിലും നബി-ﷺ-യുടെ കല്‍പ്പന. അപ്രകാരം മോശം സ്വപ്നം കണ്ടവന്‍ തന്‍റെ ഇടതു ഭാഗത്ത് മൂന്ന് തവണ (ചെറുതായി) തുപ്പണമെന്നും, അവന
കണ്ട സ്വപ്നത്തിന്‍റെയും ശ്വൈത്വാന്‍റെയും ഉപദ്രവത്തില്‍ നിന്ന് അല്ലാഹുവിനോട് രക്ഷ തേടണമെന്നും, കിടക്കുന്ന വശം മാറ്റണമെന്നും, ആ സ്വപ്നത്തെ കുറിച്ച് ആരോടും പറയരുതെന്നുമാണ് അവിടുന്ന് പറഞ്ഞത്. ആ സ്വപ്നം അവന്‍ മറന്നു പോകുന്നതിനും, വീണ്ടും വീണ്ടും അതിനെ കുറിച്ച് ചിന്തിക്കാതിരിക്കുന്നതിനും വേണ്ടിയാണത്.
ചുരുക്കത്തില്‍, നമ്മുടെ ദീന്‍ ആഗ്രഹിക്കുന്നത് മനുഷ്യന്‍ എപ്പോഴും സന്തോഷവാനായിരിക്കാനാണ്. അപ്പോഴാണ് അല്ലാഹുവിന്‍റെ കല്‍പ്പനകള്‍ നിറവേറ്റാന്‍ അവന് കഴിയുക. എന്നാല്‍ ഒരാള്‍ നിരാശയിലും ദുഖത്തിലുമാണെങ്കിലോ; അവന് മതത്തിന്‍റെ കല്‍പ്പനകള്‍ നിറവേറ്റാന്‍ പ്രയാസവും ബുദ്ധിമുട്ടും അനുഭവപ്പെടും. ഇതു കൊണ്ട് തന്നെയാണ് നബി-ﷺ-യോട് അല്ലാഹു -تعالى- എല്ലായ്പ്പോഴും ഇപ്രകാരം ഓര്‍മ്മപ്പെടുത്തിയത്:
«وَاصْبِرْ وَمَا صَبْرُكَ إِلَّا بِاللَّهِ وَلَا تَحْزَنْ عَلَيْهِمْ وَلَا تَكُ فِي ضَيْقٍ مِمَّا يَمْكُرُونَ»
“നീ ക്ഷമിക്കുക. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ മാത്രമാണ് നിനക്ക് ക്ഷമിക്കാന്‍ കഴിയുന്നത്. അവരുടെ പേരില്‍ നീ വ്യസനിക്കരുത്. അവര്‍ കുതന്ത്രം പ്രയോഗിക്കുന്നതിനെപ്പറ്റി നീ മനഃക്ലേശത്തിലാവുകയും അരുത്.” (ശുഅറാഅ്: 3)
«لَعَلَّكَ بَاخِعٌ نَفْسَكَ أَلَّا يَكُونُوا مُؤْمِنِينَ»
“അവര്‍ വിശ്വാസികളാകാത്തതിന്‍റെ പേരില്‍ നീ നിന്‍റെ ജീവന്‍ നശിപ്പിച്ചേക്കാം.” (ശുഅറാഅ്: 3)
ഈ പോയിന്‍റ് പ്രത്യേകം ശ്രദ്ധിക്കുക. കാരണം തങ്ങളുടെ ദീനിന്‍റെ കാര്യത്തില്‍ വളരെ ശ്രദ്ധ പുലര്‍ത്തുന്ന ചിലര്‍, ജനങ്ങളില്‍ നിന്നെന്തെങ്കിലും പ്രയാസം നേരിട്ടു കഴിഞ്ഞാല്‍ പിന്നെ, വളരെ ബുദ്ധിമുട്ടനുഭവിക്കുന്നതായി കാണാം. എന്തിനധികം! അതവരുടെ ഇബാദത്തുകളില്‍ വരെ കുറവ് വരുത്തും. അതിനാല്‍ പ്രയാസങ്ങളെ ഉറച്ച മനസ്സോടെയും, ദൃഢനിശ്ചയത്തോടെയും നേരിടുക. അല്ലാഹു -تعالى- നിന്‍റെ മേല്‍ നിര്‍ബന്ധമാക്കിയ ദഅ്വത്തുമായി മുന്നേറുക. എങ്കില്‍ ആരെല്ലാം നിന്നെ ഉപദ്രവിച്ചാലും അത് നിനക്ക് പ്രയാസമേല്‍പ്പിക്കില്ല.
(മജ്മൂഉ ഫതാവ ഇബ്നി ഉഥൈമീന്‍: 3/127)