Movements ചലനങ്ങൾ الحركات ..!

FB UPDATES.

Facebook.com/mujahiddpullur/


















മുസ് ലിം  സമുദായമെ....



الحَمْدُ لِلَّهِ رَبِّ العَالَمِينَ، وَالصَّلَاةُ وَالسَّلَامُ عَلَى رَسُولِهِ الأَمِينِ،
وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ، أَمَّا بَعْدُ: അല്ലാഹുവിന്‍റെ പാശത്തില്‍ ഒരുമിച്ച് മുറുകെ പിടിക്കുക എന്നതും, മുസ്ലിംകളുടെ വാക്കുകളിലും പ്രവൃത്തികളിലും ഒരുമയുണ്ടാകുകയെന്നതും, സാധ്യമായ വഴികളെല്ലാം ഇതിനായി മാറ്റിവെക്കുക എന്നതും അല്ലാഹുവിന്‍റെ ദീനിലെ അതിമഹത്തരമായ കല്‍പ്പനകളില്‍ ഒന്നാണ്. അല്ലാഹു -تعالى- പറഞ്ഞു: «يَاأَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلَا تَمُوتُنَّ إِلَّا وَأَنْتُمْ مُسْلِمُونَ * وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا» “സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക. നിങ്ങള്‍ മുസ്ലിംകളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത്. നിങ്ങളൊന്നിച്ച് അല്ലാഹുവിന്‍റെ കയറില്‍ മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്. ” (ആലു ഇംറാന്‍: 102) ഈ ആയത്തിന്‍റെ വിശദീകരണത്തില്‍ ഖുര്‍തുബി -رحمه الله- പറഞ്ഞു: “യഹൂദ നസ്വാറാക്കള്‍ തങ്ങളുടെ ദീനിന്‍റെ കാര്യത്തില്‍ ഭിന്നിച്ചതു പോലെ നിങ്ങളും ഭിന്നിക്കരുതെന്നാണ് ഈ ആയത്തിന്‍റെ ഉദ്ദേശമെന്ന് ഇബ്നു മസ്ഊദില്‍ നിന്നും മറ്റും വന്നിട്ടുണ്ട്. ദേഹേഛകളുടെയും വ്യത്യസ്തങ്ങളായ ലക്ഷ്യങ്ങളുടെയും പേരില്‍ നിങ്ങള്‍ ഭിന്നിക്കരുതെന്നും, അല്ലാഹുവിന്‍റെ ദീനില്‍ പരസ്പര സഹോദരങ്ങളെ പോലെ നിങ്ങള്‍ നിലകൊള്ളണമെന്നുമാകാം ഉദ്ദേശം… ശാഖാപരമായ വിഷയങ്ങളിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പോലും ദീനില്‍ അനുവദനീയമല്ലെന്നല്ല ഈ ആയത്തിന്‍റെ ഉദ്ദേശം. കാരണം അത്തരം വിഷയങ്ങളിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ യഥാര്‍ഥ അഭിപ്രായവ്യത്യാസമേയല്ല. സ്വഹാബികള്‍ എത്ര വിഷയങ്ങളിലാണ് പരസ്പരം അഭിപ്രായവ്യത്യാസത്തിലായിരുന്നത്; അതോടൊപ്പം അവര്‍ യോജിപ്പിലും ഐക്യത്തിലും നിലകൊള്ളുകയും ചെയ്തു… ശരിയായ അഭിപ്രായവ്യത്യാസം യോജിപ്പും ഐക്യവും ഇല്ലാതെയാക്കുന്ന തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ്.” (തഫ്സീറുല്‍ ഖുര്‍തുബി: 4/159) അല്ലാഹു മുസ്ലിംകള്‍ക്കിടയില്‍ യോജിപ്പിനെ ഇഷ്ടപ്പെടുന്നു; അകല്‍ച്ചയെയും ഭിന്നതയെയും വെറുക്കുന്നു. عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ -ﷺ- : «إِنَّ اللَّهَ يَرْضَى لَكُمْ ثَلَاثًا، وَيَكْرَهُ لَكُمْ ثَلَاثًا، فَيَرْضَى لَكُمْ: أَنْ تَعْبُدُوهُ، وَلَا تُشْرِكُوا بِهِ شَيْئًا، وَأَنْ تَعْتَصِمُوا بِحَبْلِ اللهِ جَمِيعًا وَلَا تَفَرَّقُوا، وَيَكْرَهُ لَكُمْ: قِيلَ وَقَالَ، وَكَثْرَةَ السُّؤَالِ، وَإِضَاعَةِ الْمَالِ » നബി -صلى الله عليه وسلم- പറഞ്ഞു: “അല്ലാഹു മൂന്ന് കാര്യങ്ങള്‍ നിങ്ങളില്‍ തൃപ്തിപ്പെടുകയും, മൂന്ന് കാര്യങ്ങള്‍ വെറുക്കുകയും ചെയ്തിരിക്കുന്നു. അവനെ മാത്രം നിങ്ങള്‍ ആരാധിക്കുക, അവനില്‍ നിങ്ങള്‍ ഒന്നിനെയും പങ്കു ചേര്‍ക്കാതിരിക്കുക, അല്ലാഹുവിന്‍റെ പാശത്തില്‍ നിങ്ങളെല്ലാവരും മുറുകെ പിടിക്കുകയും ഭിന്നിക്കാതിരിക്കുകയും ചെയ്യുക എന്നത് അവന്‍ നിങ്ങളില്‍ തൃപ്തിപ്പെട്ടിരിക്കുന്നു. ‘ഖാല-ഖീലകളും’, ചോദ്യങ്ങള്‍ അധികരിപ്പിക്കുന്നതും, സമ്പത്ത് പാഴാക്കുന്നതും അവന്‍ നിങ്ങളില്‍ വെറുത്തിരിക്കുന്നു.” (മുസ്ലിം:1715) ജാഹിലിയ്യത്തില്‍ ഭിന്നിപ്പും അകല്‍ച്ചയും നിലനിന്നിരുന്ന അവസ്ഥയില്‍ നിന്ന് ഒരുമയിലേക്കും ഐക്യത്തിലേക്കും സ്വഹാബികളെ നയിച്ചു എന്നത് അല്ലാഹുവിന്‍റെ അനുഗ്രഹമാണെന്ന് അവന്‍ പലയിടത്തും ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്. ഒരുമിച്ചു നില്‍ക്കാന്‍ കഴിയുക എന്നത് അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളില്‍ ഏറ്റവും വലുതാണ്. ഭൂമി മുഴുവന്‍ പകരമായി നല്‍കിയാലും അതിന് പകരമാവില്ല. അല്ലാഹു -تعالى- പറഞ്ഞു: «وَأَلَّفَ بَيْنَ قُلُوبِهِمْ لَوْ أَنْفَقْتَ مَا فِي الْأَرْضِ جَمِيعًا مَا أَلَّفْتَ بَيْنَ قُلُوبِهِمْ وَلَكِنَّ اللَّهَ أَلَّفَ بَيْنَهُمْ إِنَّهُ عَزِيزٌ حَكِيمٌ» “അവരുടെ ഹൃദയങ്ങള്‍ തമ്മില്‍ അവന്‍ ഇണക്കിചേര്‍ക്കുകയും ചെയ്തിരിക്കുന്നു. ഭൂമിയിലുള്ളത് മുഴുവന്‍ നീ ചെലവഴിച്ചാല്‍ പോലും അവരുടെ ഹൃദയങ്ങള്‍ തമ്മില്‍ ഇണക്കിചേര്‍ക്കാന്‍ നിനക്ക് സാധിക്കുമായിരുന്നില്ല. എന്നാല്‍ അല്ലാഹു അവരെ തമ്മില്‍ ഇണക്കിചേര്‍ത്തിരിക്കുന്നു. തീര്‍ച്ചയായും അവന്‍ പ്രതാപിയും യുക്തിമാനുമാകുന്നു.” (അന്‍ഫാല്‍: 63) അല്ലാഹു -تعالى- പറഞ്ഞു: «وَاذْكُرُوا نِعْمَتَ اللَّهِ عَلَيْكُمْ إِذْ كُنْتُمْ أَعْدَاءً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُمْ بِنِعْمَتِهِ إِخْوَانًا وَكُنْتُمْ عَلَى شَفَا حُفْرَةٍ مِنَ النَّارِ فَأَنْقَذَكُمْ مِنْهَا كَذَلِكَ يُبَيِّنُ اللَّهُ لَكُمْ آيَاتِهِ لَعَلَّكُمْ تَهْتَدُونَ» “നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്‍റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. നിങ്ങള്‍ അഗ്നികുണ്ഡത്തിനവക്കിലായിരുന്നു. എന്നിട്ടതില്‍ നിന്ന് നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹു അവന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുവാന്‍ വേണ്ടി.” (ആലു ഇംറാന്‍: 103) മുസ്ലിം ഉമ്മത്തിനിടയില്‍ ഐക്യമുണ്ടാകാന്‍ അല്ലാഹുവിന്‍റെ അപാരമായ തൗഫീഖ് അനിവാര്യമാണെന്ന് ഈ ആയത്തില്‍ നിന്ന് മനസ്സിലാക്കാം. ഐഹികമായ നേട്ടങ്ങളോ സൗകര്യങ്ങളോ അല്ല അവരെ ഒരുമിപ്പിക്കുക; മറിച്ച് അല്ലാഹുവിന്‍റെ അനുഗ്രഹം മാത്രമാണ്. അല്ലാഹു ഒരുമിപ്പിച്ചവയെ അകറ്റാന്‍ ആര്‍ക്കും കഴിയില്ല; അവന്‍ അകറ്റിയവരെ ഒരുമിപ്പിക്കാന്‍ ഒന്നിനും സാധിക്കില്ല. ഇബ്നു അബ്ബാസ് -رضي الله عنهما- പറഞ്ഞു: “കുടുംബബന്ധങ്ങള്‍ മുറിഞ്ഞേക്കാം. അനുഗ്രഹങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്തേക്കാം. എന്നാല്‍ അല്ലാഹു ഹൃദയങ്ങളെ അടുപ്പിച്ചാല്‍ അതിനെ ഇളക്കാന്‍ ഒന്നിനും സാധിക്കില്ല.” (ഇബ്നു കഥീര്‍: 4/85) അല്ലാഹുവിന്‍റെ ദീനിലേക്ക് ഹിദായത്ത് ലഭിക്കുക എന്ന അതിമഹത്തരമായ അനുഗ്രഹം ഒഴിച്ചു നിര്‍ത്തിയാല്‍ ഏറ്റവും വലിയ അനുഗ്രഹം മുസ്ലിംകള്‍ക്കിടയില്‍ പരസ്പരം ഐക്യമുണ്ടാവലാണ്. നബി-صلى الله عليه وسلم-യുടെ ഈ ഹദീഥ് അതിനുള്ള സൂചനയാണ്. «يَا مَعْشَرَ الأَنْصَارِ، أَلَمْ أَجِدْكُمْ ضُلَّالًا فَهَدَاكُمُ اللَّهُ بِي، وَكُنْتُمْ مُتَفَرِّقِينَ فَأَلَّفَكُمُ اللَّهُ بِي، وَعَالَةً فَأَغْنَاكُمُ اللَّهُ بِي» അവിടുന്ന് പറഞ്ഞു: “ഹേ അന്‍സ്വാരീ സമൂഹമേ! വഴിതെറ്റിയവരായല്ലേ ഞാന്‍ നിങ്ങളെ കണ്ടെത്തിയത്; അല്ലാഹു എന്നെ കൊണ്ട് നിങ്ങള്‍ക്ക് ഹിദായത് (സന്മാര്‍ഗം) കാണിച്ചു തന്നില്ലേ?! ഭിന്നിച്ചു നിന്നവരായിരുന്നില്ലേ (നിങ്ങള്‍)? അല്ലാഹു എന്നെ കൊണ്ട് നിങ്ങളെ ഒരുമിപ്പിച്ചില്ലേ?! ദരിദ്രരായിരുന്നില്ലേ (നിങ്ങള്‍)? അല്ലാഹു എന്നെ കൊണ്ട് നിങ്ങള്‍ക്ക് ധന്യത നല്‍കിയില്ലേ?!” (ബുഖാരി: 3985, മുസ്ലിം: 1758) ഹാഫിദ് ഇബ്നു ഹജര്‍ -رحمه الله- പറഞ്ഞു: “അന്‍സ്വാരികള്‍ക്ക് തന്നെ കൊണ്ടുണ്ടായ അനുഗ്രഹങ്ങള്‍ വളരെ മനോഹരമായാണ് നബി -صلى الله عليه وسلم- ഈ ഹദീഥില്‍ ക്രമപ്പെടുത്തിയിരിക്കുന്നത്. ദുനിയാവിലെ എല്ലാ അനുഗ്രഹങ്ങളെക്കാളും മഹത്തരമായ ഈമാന്‍ -ഇസ്ലാമിലേക്ക് വഴികാണിച്ചു എന്നത്- അവിടുന്ന് ആദ്യം ഓര്‍മ്മപ്പെടുത്തി. രണ്ടാമത് നബി -صلى الله عليه وسلم- ഒരുമയെ കുറിച്ചാണ് പറഞ്ഞത്. സമ്പത്തിനെക്കാളും മറ്റുമെല്ലാം മഹത്തരമായ അനുഗ്രഹം ഒരുമയാണ്. നബി -صلى الله عليه وسلم- മദീനയിലേക്ക് ഹിജ്റ (പാലായനം) ചെയ്തു വരുന്നതിന് മുന്‍പ് അന്‍സ്വാരികള്‍ അങ്ങേയറ്റത്തെ അകല്‍ച്ചയിലായിരുന്നു. ബുആഥ് യുദ്ധം പോലുള്ളവ അതിന് ഉദാഹരണമാണ്.” (ഫത്ഹുല്‍ ബാരി: 8/50) നബി -صلى الله عليه وسلم- സ്വഹാബികളെ ഒരുമയിലാണ് വളര്‍ത്തിയത്. ഭിന്നിപ്പും ചിദ്രതയും കക്ഷിത്വവും കക്ഷികളുമൊന്നും അവര്‍ക്കിടയിലുണ്ടായിരുന്നില്ല. അത് അന്‍സ്വാരികളുടെ മാത്രം വിശേഷണമായിരുന്നില്ല; സ്വഹാബികളുടെ മുഴുവന്‍ വിശേഷണമായിരുന്നു. അല്ലാഹു -تعالى- പറഞ്ഞു: «مُحَمَّدٌ رَسُولُ اللَّهِ وَالَّذِينَ مَعَهُ أَشِدَّاءُ عَلَى الْكُفَّارِ رُحَمَاءُ بَيْنَهُمْ» “മുഹമ്മദ് അല്ലാഹുവിന്‍റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യം ദയാലുക്കളുമാകുന്നു.” (ഫത്ഹ്: 29) ഇബ്നു കഥീര്‍ -رحمه الله- പറഞ്ഞു: “ഇത് മുഅ്മിനീങ്ങളുടെ വിശേഷണമാണ്. അവര്‍ കാഫിറുകളോട് കഠിനരും പരുഷതയുള്ളവരുമായിരിക്കും. എന്നാല്‍ മുഅ്മിനീങ്ങളോട് കാരുണ്യത്തോടും നന്മയോടും കൂടിയേ വര്‍ത്തിക്കുകയുള്ളൂ. കാഫിറിനെ കാണുമ്പോള്‍ അവരുടെ മുഖം ചുളിയുകയും ദേഷ്യം പ്രകടമാവുകയും ചെയ്യും. എന്നാല്‍ മുഅ്മിനിനെ സ്വീകരിക്കുക പുഞ്ചിരിച്ചും വിശാലതയോടുമായിരിക്കും.” (ഇബ്നു കഥീര്‍: 7/360) എന്നാല്‍ ഇന്ന് മുസ്ലിമീങ്ങള്‍ ഇതിന് നേര്‍വിപരീതമായിരിക്കുന്നു. അല്ലാഹുവിനെയും റസൂലിനെയും നിഷേധിച്ച കാഫിറിനെ ബഹുമാനിക്കുവാനും ആദരിച്ചിരുത്തുവാനും അവര്‍ മത്സരിക്കുന്നു; അവരുടെ പ്രശംസകളും പ്രോത്സാഹനങ്ങളും അവരെ കോള്‍മയിര്‍ കൊള്ളിക്കുന്നു. എന്നാല്‍ മുഅ്മിനീങ്ങളോടാകട്ടെ; പരുഷതയും വെറുപ്പും കാണിക്കുന്നവരായി അവര്‍ മാറിയിരിക്കുന്നു! അല്ലാഹുവോടല്ലാതെ മറ്റാരോടാണ് നാം ആവലാതി ബോധിപ്പിക്കുക! മുഅ്മിനീങ്ങളുടെ അടയാളം എത്ര മനോഹരമായാണ് നബി -صلى الله عليه وسلم- വിവരിച്ചതെന്ന് നോക്കൂ! عَنِ النُّعْمَانِ بْنِ بَشِيرٍ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «مَثَلُ الْمُؤْمِنِينَ فِي تَوَادِّهِمْ، وَتَرَاحُمِهِمْ، وَتَعَاطُفِهِمْ مَثَلُ الْجَسَدِ إِذَا اشْتَكَى مِنْهُ عُضْوٌ تَدَاعَى لَهُ سَائِرُ الْجَسَدِ بِالسَّهَرِ وَالْحُمَّى» അവിടുന്ന് പറഞ്ഞു: “പരസ്പരമുള്ള സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും അടുപ്പത്തിന്‍റെയും കാര്യത്തില്‍ മുഅ്മിനീങ്ങള്‍ ഒരു ശരീരം പോലെയാണ്. അതില്‍ ഏതെങ്കിലും ഒരു അവയവത്തിന് അസുഖം ബാധിച്ചാല്‍ ശരീരം മുഴുവന്‍ ഉറക്കമിളിച്ചും പനിച്ചും പരസ്പരം അതില്‍ പങ്കുചേരുകയ(പ്രയാസപ്പെടുകയും ചെയ്യും).” (മുസ്ലിം: 2586) ശൈഖ് ഉഥൈമീന്‍ -رحمه الله- പറഞ്ഞു: “നിന്‍റെ ശരീരത്തിലെ അവയവങ്ങളില്‍ ഏതെങ്കിലുമൊന്നിന് വേദന അനുഭവപ്പെട്ടാല്‍ അത് നിന്‍റെ ശരീരത്തില്‍ മുഴുവന്‍ പടരുന്നതായി കാണാം. ഇത് പോലെയായിരിക്കണം മുസ്ലിമീങ്ങള്‍. അവരിലൊരാള്‍ക്ക് വേദന വന്നാല്‍ അത് നിനക്ക് കൂടി ബാധകമായത് പോലെയാണ്.” (ശര്‍ഹുരിയാദിസ്സ്വാലിഹീന്‍: 2/398) മുസ്ലിം ഉമ്മത്തിന്‍റെ ഒരുമയുടെ വഴികള്‍ ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടി, നന്മകളില്‍ പരസ്പരം സഹകരിക്കാനും തിന്മകളില്‍ പരസ്പര സഹായങ്ങള്‍ ചെയ്യരുതെന്നും അല്ലാഹു ഓര്‍മ്മപ്പെടുത്തി. അല്ലാഹു -تعالى- പറഞ്ഞു: «وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَى وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ وَاتَّقُوا اللَّهَ إِنَّ اللَّهَ شَدِيدُ الْعِقَابِ» “പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക.” (മാഇദ: 2) ഭിന്നിപ്പിനും ചിദ്രതക്കും കാരണമാകുന്ന എല്ലാ വഴികളെയും നബി -صلى الله عليه وسلم- കൊട്ടിയടച്ചു. മുസ്ലിം സഹോദരങ്ങള്‍ക്കിടയില്‍ അകല്‍ച്ചയുണ്ടാക്കുന്ന ഗീബതിനെയും (പരദൂഷണം) നമീമതിനെയും (ഏഷണി) ചതിയെയും അസൂയയെയുമെല്ലാം അവിടുന്ന് വിരോധിച്ചു. عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللهِ -ﷺ-: «لَا تَحَاسَدُوا، وَلَا تَنَاجَشُوا، وَلَا تَبَاغَضُوا، وَلَا تَدَابَرُوا، وَلَا يَبِعْ بَعْضُكُمْ عَلَى بَيْعِ بَعْضٍ، وَكُونُوا عِبَادَ اللَّهِ إِخْوَانًا الْمُسْلِمُ أَخُو الْمُسْلِمِ، لَا يَظْلِمُهُ وَلَا يَخْذُلُهُ، وَلَا يَحْقِرُهُ» അവിടുന്ന് പറഞ്ഞു: “നിങ്ങള്‍ പരസ്പരം അസൂയ വെക്കരുത്. നിങ്ങള്‍ കച്ചവടച്ചരക്കിന് വില കൂട്ടിപ്പറയരുത്. പരസ്പരം വെറുക്കരുത്. പിന്തിരിഞ്ഞു കളയരുത്. നിങ്ങളില്‍ ചിലര്‍ മറ്റു ചിലരുടെ കച്ചവടത്തിന് മേല്‍ കച്ചവടം ചെയ്യരുത്. അല്ലാഹുവിന്‍റെ അടിമകളായി, പരസ്പര സഹോദരങ്ങളാവുക നിങ്ങള്‍. ഒരു മുസ്ലിം മറ്റൊരു മുസ്ലിമിന്‍റെ സഹോദരനാണ്. അവന്‍ (തന്‍റെ സഹോദരനെ) വഞ്ചിക്കുകയോ, ചതിക്കുകയോ, കളവാക്കുകയോ ഇല്ല.” (ബുഖാരി: 4648, മുസ്ലിം: 4650) ശൈഖ് ഉഥൈമീന്‍ -رحمه الله- പറഞ്ഞു: “ഈ ഹദീഥില്‍ പരാമര്‍ശിക്കപ്പെട്ട സാഹോദര്യം ബന്ധങ്ങളില്‍ ഏറ്റവും ശക്തമായതാണ്. രക്തബന്ധത്തെക്കാള്‍ ഉറച്ചതാണത്. കാരണം നിന്‍റെ കുടുംബബന്ധത്തിലുള്ളവര്‍ ചിലപ്പോള്‍ നിന്നെ വെറുക്കുകയും നിന്‍റെ ശത്രുവായി മാറുകയും ചെയ്തേക്കാം. ദുനിയാവിലും ആഖിറത്തിലും അതിന് സാധ്യതയുണ്ട്. അല്ലാഹു -تعالى- പറഞ്ഞു: «الْأَخِلَّاءُ يَوْمَئِذٍ بَعْضُهُمْ لِبَعْضٍ عَدُوٌّ إِلَّا الْمُتَّقِينَ» “സുഹൃത്തുക്കള്‍ ആ ദിവസം അന്യോന്യം ശത്രുക്കളായിരിക്കും. സൂക്ഷ്മത പാലിക്കുന്നവരൊഴികെ.” (സുഖ്റുഫ്: 67) എന്നാല്‍ മതപരമായ സാഹോദര്യബന്ധമാകട്ടെ; അത് ദുനിയാവിലും ആഖിറത്തിലും കൂടുതല്‍ വേരുറക്കുന്നതാണ്. അതവന് ഇവിടെയും നാളെ പരലോകത്തും സഹായകമാകും.” (ശര്‍ഹുരിയാദിസ്സ്വാലിഹീന്‍: 2/566) ഒരുമിച്ചു നില്‍ക്കാനും ഐക്യപ്പെടാനുമുള്ള ഈ കല്‍പ്പനകള്‍ക്കെല്ലാം പുറമെ, ഇസ്ലാമിലെ അനേകം ഇബാദതുകള്‍ കൂട്ടമായി -ഒരുമിച്ച്- നിര്‍വ്വഹിക്കണമെന്ന് അല്ലാഹുവും റസൂലും അവരോട് കല്‍പ്പിച്ചിരിക്കുന്നു. നിസ്കാരവും ഹജ്ജും ജുമുഅകളും പെരുന്നാള്‍ നിസ്കാരങ്ങളും ജിഹാദും മറ്റുമെല്ലാം ഒരുമിച്ചാണ് നിര്‍വ്വഹിക്കപ്പെടേണ്ടത് എന്നതില്‍ നിന്ന് മുസ്ലിം ഉമ്മത്തിനിടയില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഐക്യത്തിന്‍റെയും യോജിപ്പിന്‍റെയും പ്രാധാന്യം മനസ്സിലാക്കാം. ഭിന്നിപ്പിന്‍റെ വളരെ ചെറിയ സാധ്യതകളെ പോലും റസൂല്‍ -صلى الله عليه وسلم- ദീനില്‍ വെച്ചു പൊറുപ്പിച്ചില്ല. നിസ്കാരത്തിന് നില്‍ക്കുമ്പോള്‍ സ്വഫ്ഫുകള്‍ക്കിടയില്‍ വിടവുണ്ടാവുക എന്നത് പുറമേക്ക് അകല്‍ച്ച തോന്നിപ്പിക്കുന്നു എന്നതിനാല്‍ അവിടുന്ന് അതിനെ ഗൗരവത്തില്‍ കണ്ടു. ഹൃദയങ്ങളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ അത് കാരണമാകുമെന്ന് അവിടുന്ന് താക്കീത് ചെയ്തു. عَنِ النُّعْمَانَ بْنَ بَشِيرٍ يَقُولُ أَقْبَلَ رَسُولُ اللَّهِ -ﷺ- عَلَى النَّاسِ بِوَجْهِهِ فَقَالَ «أَقِيمُوا صُفُوفَكُمْ» ثَلاَثًا «وَاللَّهِ لَتُقِيمُنَّ صُفُوفَكُمْ أَوْ لَيُخَالِفَنَّ اللَّهُ بَيْنَ قُلُوبِكُمْ» നിസ്കാരത്തിന് നിന്നാല്‍ നബി -صلى الله عليه وسلم- ജനങ്ങളുടെ നേര്‍ക്ക് തിരിഞ്ഞു നിന്നു കൊണ്ട് -“നിങ്ങളുടെ സ്വഫ്ഫുകള്‍ ശരിയാക്കുക”- എന്ന് മൂന്ന് തവണ പറയുമായിരുന്നു. ശേഷം അവിടുന്ന് പറയും: “അല്ലാഹു സത്യം! നിങ്ങളുടെ സ്വഫുകള്‍ നിങ്ങള്‍ ശരിയാക്കുക തന്നെ വേണം. ഇല്ലെങ്കില്‍ അല്ലാഹു നിങ്ങളുടെ ഹൃദയങ്ങള്‍ക്കിടയില്‍ അകല്‍ച്ചയുണ്ടാക്കിയേക്കാം.” (ബുഖാരി: 717, മുസ്ലിം: 436) മുസ്ലിംകള്‍ക്കിടയില്‍ ഒരുമയും ഐക്യവും ഉണ്ടാക്കുന്നതിന് വലിയ പ്രതിഫലമാണ് നബി -صلى الله عليه وسلم- വാഗ്ദാനം ചെയ്തിട്ടുള്ളത്. عَنْ أَبِي الدَّرْدَاءِ، قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «أَلَا أُخْبِرُكُمْ بِأَفْضَلَ مِنْ دَرَجَةِ الصِّيَامِ وَالصَّلَاةِ وَالصَّدَقَةِ»، قَالُوا: بَلَى، قَالَ: «صَلَاحُ ذَاتِ البَيْنِ، فَإِنَّ فَسَادَ ذَاتِ البَيْنِ هِيَ الحَالِقَةُ، لَا أَقُولُ تَحْلِقُ الشَّعَرَ، وَلَكِنْ تَحْلِقُ الدِّينَ» അവിടുന്ന് പറഞ്ഞു: “നോമ്പിനും നിസ്കാരത്തിനും, ദാനധര്‍മ്മത്തിനുമുള്ള പദവിയെക്കാള്‍ ശ്രേഷ്ഠമായ കാര്യം നിങ്ങള്‍ക്ക് അറിയിച്ചു തരട്ടയോ?” സ്വഹാബികള്‍ പറഞ്ഞു: അതെ, അല്ലാഹുവിന്‍റെ റസൂലേ! നബി -صلى الله عليه وسلم- പറഞ്ഞു: “(അകല്‍ച്ചയുള്ള) രണ്ടു പേര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കലാണ്. രണ്ടു പേര്‍ക്കിടയില്‍ അകല്‍ച്ചയുണ്ടാകുക എന്നത് മുണ്ഡനം ചെയ്യുന്നതാണ്. മുടി മുണ്ഡനം ചെയ്യുമെന്നല്ല ഞാന്‍ പറയുന്നത്; മറിച്ച് ദീനിനെ ഇല്ലാതെയാക്കുമെന്നാണ്.” (തിര്‍മിദി: 2434) “അകല്‍ച്ച നിലനില്‍ക്കുന്നവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കാന്‍ ശ്രമിക്കണമെന്ന ശക്തമായ പ്രോത്സാഹനമാണ് ഈ ഹദീഥിലുള്ളത്. കാരണം അല്ലാഹുവിന്‍റെ പാശത്തില്‍ മുറുകെ പിടിക്കുന്നതിനും, മുസ്ലിംകള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകാതിരിക്കുന്നതിനും കാരണമാകുന്നതാണത്. മുസ്ലിംകള്‍ക്കിടയിലെ ഭിന്നിപ്പുകള്‍ ദീനിലുണ്ടാകുന്ന വിള്ളലുകളാണ്. സ്വന്തത്തിന് വേണ്ടി നിസ്കാരത്തിലും നോമ്പിലും മുഴുകിയിരിക്കുന്ന വ്യക്തിയെക്കാള്‍ പ്രതിഫലം രണ്ടു പേര്‍ക്കിടയില്‍ ഐക്യമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ലഭിക്കുന്നതും ഇത് കൊണ്ടാണ്.” (തുഹ്ഫതുല്‍ അഹ്വദി: 7/179) ഇസ്ലാമിക സമൂഹത്തില്‍ ഐക്യം നിലനിര്‍ത്തേണ്ടതിന്‍റെ പ്രാധാന്യം മനസ്സിലാക്കി തരുന്ന ഹദീഥുകളില്‍ പെട്ടതാണ് പരസ്പരം സലാം പറയേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ച് നബി -صلى الله عليه وسلم- അറിയിച്ച ഹദീഥുകള്‍. «لَا تَدْخُلُونَ الْجَنَّةَ حَتَّى تُؤْمِنُوا، وَلَا تُؤْمِنُوا حَتَّى تَحَابُّوا، أَوَلَا أَدُلُّكُمْ عَلَى شَيْءٍ إِذَا فَعَلْتُمُوهُ تَحَابَبْتُمْ؟ أَفْشُوا السَّلَامَ بَيْنَكُمْ» “അല്ലാഹു സത്യം! നിങ്ങള്‍ മുഅ്മിനീങ്ങളാകുന്നത് വരെ നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. നിങ്ങള്‍ പരസ്പരം സ്നേഹിക്കുന്നത് വരെ നിങ്ങള്‍ മുഅ്മിനുകളുമാകില്ല. നിങ്ങള്‍ക്ക് ഞാന്‍ ഒരു പ്രവര്‍ത്തനം അറിയിച്ചു തരട്ടെയോ; അത് ചെയ്താല്‍ നിങ്ങള്‍ പരസ്പരം സ്നേഹിക്കും. നിങ്ങള്‍ക്കിടയില്‍ സലാം വര്‍ദ്ധിപ്പിക്കുക.” (മുസ്ലിം: 54) ശൈഖ് ഉഥൈമീന്‍ -رحمه الله- പറഞ്ഞു: “നബി -صلى الله عليه وسلم- പറഞ്ഞതെത്ര സത്യമാണ്! സലാം പ്രചരിപ്പിക്കുക എന്നത് പരസ്പരം സ്നേഹമുണ്ടാക്കുമെന്നതില്‍ സംശയമില്ല. ഒരാള്‍ നിന്നെ കണ്ടുമുട്ടിയിട്ടും നിന്നോട് സലാം പറയുന്നില്ലെങ്കില്‍ നിന്‍റെ മനസ്സില്‍ അയാളോട് വെറുപ്പുണ്ടാകുന്നു; അയാള്‍ സലാം പറഞ്ഞാലാകട്ടെ നിനക്ക് ഇഷ്ടവും ഉണ്ടാകുന്നു.” (ശര്‍ഹുരിയാദിസ്സ്വാലിഹീന്‍: 4/382) മുസ്ലിം ഉമ്മത്തിലെ ഐക്യം നിലനിര്‍ത്തുന്നതില്‍ നബി -صلى الله عليه وسلم- എത്രമാത്രം ശ്രദ്ധിച്ചിരുന്നുവെന്ന് അവിടുത്തെ ചരിത്രം വായിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും. അവരില്‍ ചിലര്‍ക്ക് കാര്യം മനസ്സിലാകുമോ എന്ന സന്ദേഹം മൂലം -ചില നന്മകള്‍ പ്രാവര്‍ത്തികമാക്കാതെ- അവിടുന്ന് പിന്തിച്ചു. മക്കയിലെ മുശ്രിക്കുകള്‍ കഅ്ബ പണിതുയര്‍ത്തിയത് ഇബ്രാഹീം നബി — അത് പണി കഴിപ്പിച്ചതു പോലെയല്ലായിരുന്നു. ഇബ്രാഹീം പണി കഴിപ്പിച്ചതു പോലെ കഅ്ബ പുതുക്കി പണിയണമെന്ന് അവിടുത്തേക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അവിടുന്ന് അപ്രകാരം ചെയ്തില്ല. അതിന്‍റെ കാരണമായി തന്‍റെ പത്നി ആഇശ-رضي الله عنها-യോട് അവിടുന്ന് പറഞ്ഞു: «لَوْلَا أَنَّ قَوْمَكِ حَدِيثُو عَهْدٍ بِشِرْكٍ، لَهَدَمْتُ الْكَعْبَةَ، فَأَلْزَقْتُهَا بِالْأَرْضِ، وَجَعَلْتُ لَهَا بَابَيْنِ: بَابًا شَرْقِيًّا، وَبَابًا غَرْبِيًّا، وَزِدْتُ فِيهَا سِتَّةَ أَذْرُعٍ مِنَ الْحِجْرِ، فَإِنَّ قُرَيْشًا اقْتَصَرَتْهَا حَيْثُ بَنَتِ الْكَعْبَةَ “നിന്‍റെ സമൂഹം ശിര്‍ക്കില്‍ നിന്ന് അടുത്തു മാത്രം ഇസ്ലാമിലേക്ക് വന്നവരാണ്; അല്ലായിരുന്നെങ്കില്‍ ഞാന്‍ കഅ്ബ പൊളിക്കുകയും, അത് ഭൂമിയോട് ചേര്‍ക്കുകയും ചെയ്യുമായിരുന്നു. എന്നിട്ട് കിഴക്കും പടിഞ്ഞാറും ഭാഗത്തായി രണ്ട് വാതിലുകള്‍ അതില്‍ പണിയുകയും, ഹിജ്ര്‍ (ഇസ്മാഈലിന്‍റെ) ഭാഗത്ത് നിന്ന് ആറു മുഴം കഅ്ബയിലേക്ക് കൂട്ടിച്ചേര്‍ക്കുകയും ചെയ്യുമായിരുന്നു. ഖുറൈഷികള്‍ കഅ്ബ പണിതപ്പോള്‍ അതില്‍ കുറവ് വരുത്തിയിരിക്കുന്നു.” (മുസ്ലിം: 1333) ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ -رحمه الله- പറഞ്ഞു: “ഹൃദയങ്ങള്‍ പരസ്പരം ഒരുമിപ്പിക്കുന്നതിനായി ഇത്തരം ഐഛികമായ ചിലത് ഒരാള്‍ക്ക് ഒഴിവാക്കാം; അത് മുസ്തഹബ്ബാണ് (സുന്നത്ത്). കാരണം ഒരുമ കൊണ്ട് ദീനില്‍ സംഭവിക്കുന്ന നന്മയാണ് ഇത്തരം നന്മകള്‍ പ്രവര്‍ത്തിക്കുന്നതിനെക്കാള്‍ മഹത്തരമായിട്ടുള്ളത്. (നിസ്കാരത്തില്‍) ബിസ്മി ഉറക്കെ ചെല്ലണമോ പതുക്കെ ചെല്ലണമോ എന്ന വിഷയത്തിലുള്ള സംസാരം ഇതിന് ഉദാഹരണമാണ്. നബി -صلى الله عليه وسلم- കഅ്ബ പുതുക്കി പണിയുക എന്നത് ഹൃദയങ്ങള്‍ ഒരുമിക്കുന്നതിന് വേണ്ടി ഒഴിവാക്കിയത് പോലെയാണ് ഇത്.” (മജ്മൂഉല്‍ ഫതാവ: 22/407) ഒരു നന്മ ജനങ്ങള്‍ക്കിടയില്‍ പുതുതായി സ്ഥാപിക്കുക എന്നത് കൊണ്ട് ആ നന്മയെക്കാള്‍ വലിയ ഫിത്നയും ഭിന്നിപ്പും മുസ്ലിംകള്‍ക്കിടയില്‍ ഉണ്ടാകുമെങ്കില്‍ അത് താല്‍ക്കാലികമായി പിന്തിക്കാം എന്ന് ശൈഖുല്‍ ഇസ്ലാമിന്‍റെ വാക്കില്‍ നിന്ന് മനസ്സിലാക്കാം. നിസ്കാരത്തിലെ ബിസ്മിയുടെ കാര്യം അദ്ദേഹം ഉദാഹരണമായി കൊടുത്തു. ഒരു മസ്ജിദില്‍ നിസ്കാരത്തിന് വരുന്ന ബഹുഭൂരിപക്ഷം പേര്‍ക്കും നിസ്കാരത്തില്‍ ബിസ്മി പതുക്കെയാണ് ചൊല്ലേണ്ടത് എന്ന സുന്നത്ത് അറിയില്ലെങ്കില്‍ അവര്‍ക്കത് പഠിപ്പിച്ചു നല്‍കിയതിന് ശേഷമേ അത് പ്രാവര്‍ത്തികമാക്കേണ്ടതുള്ളൂ; ഇനി അത് പഠിപ്പിച്ചു നല്‍കാന്‍ പോലും സാധിക്കാത്തത്ര അജ്ഞതയുള്ളവരാണ് അവരെങ്കില്‍ -സുന്നത്ത് പിന്‍പറ്റേണ്ടതതിന്‍റെ പ്രാധാന്യവും, സ്വഹീഹായ ഹദീഥുകളാണ് തെളിവുകളായി അവലംബിക്കേണ്ടതെന്ന കാര്യവുമെല്ലാം- അവര്‍ക്ക് പഠിപ്പിച്ചു നല്‍കണം. അങ്ങനെ അവരെ സത്യത്തിലേക്ക് അടുപ്പിക്കണം. ഈ പറഞ്ഞതിന്‍റെ അര്‍ഥം നാട്ടില്‍ പ്രശ്നമുണ്ടാകുമെങ്കില്‍ ദീനില്‍ പെട്ട ഒരു സത്യവും പറയരുതെന്നല്ല. ശിര്‍ക്കും ബിദ്അത്തുകളും പോലെ ഗൗരവമുള്ള തിന്മകള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിനെ തിരുത്തുക തന്നെ വേണം; കാരണം അവിടെ ഭിന്നിപ്പുണ്ടാകുക എന്ന കുഴപ്പത്തെക്കാള്‍ വലുത് ശിര്‍ക്കിലും ബിദ്അത്തിലും ആ സമൂഹം നിലനില്‍ക്കുക എന്നതാണ്. ചുരുക്കത്തില്‍, മുസ്ലിം ഉമ്മത്തിന്‍റെ ഐക്യം കാത്തുസൂക്ഷിക്കുക എന്നത് എന്തു മാത്രം പ്രാധാന്യമുള്ള വിഷയമാണെന്ന് മേല്‍ പറഞ്ഞതില്‍ നിന്നെല്ലാം മനസ്സിലാകും. ഭിന്നിപ്പും കക്ഷിത്വവും മുസ്ലിം ഉമ്മത്തിന്‍റെ നാശത്തിനും പരാജയത്തിനുമാണ് കാരണമാവുക. അല്ലാഹു -تعالى- പറഞ്ഞു: «وَأَطِيعُوا اللَّهَ وَرَسُولَهُ وَلَا تَنَازَعُوا فَتَفْشَلُوا وَتَذْهَبَ رِيحُكُمْ وَاصْبِرُوا إِنَّ اللَّهَ مَعَ الصَّابِرِينَ» “അല്ലാഹുവെയും അവന്‍റെ റസൂലിനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക. നിങ്ങള്‍ ഭിന്നിച്ചു പോകരുത്. എങ്കില്‍ നിങ്ങള്‍ക്ക് ധൈര്യക്ഷയം നേരിടുകയും നിങ്ങളുടെ വീര്യം (നശിച്ചു) പോകുകയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹു ക്ഷമാശീലരുടെ കൂടെയാകുന്നു.” (അന്‍ഫാല്‍: 46) മുന്‍കാലക്കാരെ പോലെ ഭിന്നിക്കരുതെന്ന് അല്ലാഹു മുസ്ലിമീങ്ങളെ താക്കീത് ചെയ്തിരിക്കുന്നു. അല്ലാഹു -تعالى- പറഞ്ഞു: «وَلَا تَكُونُوا كَالَّذِينَ تَفَرَّقُوا وَاخْتَلَفُوا مِنْ بَعْدِ مَا جَاءَهُمُ الْبَيِّنَاتُ وَأُولَئِكَ لَهُمْ عَذَابٌ عَظِيمٌ» “വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിന് ശേഷം പല കക്ഷികളായി പിരിഞ്ഞ് ഭിന്നിച്ചവരെപ്പോലെ നിങ്ങളാകരുത്. അവര്‍ക്കാണ് കനത്ത ശിക്ഷയുള്ളത്.” (ആലു ഇംറാന്‍: 105) ദീനിനെ കക്ഷികളാക്കി തീര്‍ക്കുകയും, പാര്‍ട്ടികളായി മാറുകയും ചെയ്തത് മുശ്രിക്കുകളാണ്; അവരോടൊരിക്കലും മുസ്ലിമിന് സാദൃശ്യമുണ്ടായി കൂട. ഭിന്നിപ്പും കക്ഷിത്വവും ഹൃദയങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയും മുസ്ലിംകളുടെ അടയാളമല്ല; മുനാഫിഖുകളുടേതാണ്. അല്ലാഹു -تعالى- പറഞ്ഞു: «بَأْسُهُمْ بَيْنَهُمْ شَدِيدٌ تَحْسَبُهُمْ جَمِيعًا وَقُلُوبُهُمْ شَتَّى ذَلِكَ بِأَنَّهُمْ قَوْمٌ لَا يَعْقِلُونَ» “അവര്‍ തമ്മില്‍ തന്നെയുള്ള പോരാട്ടം കടുത്തതാകുന്നു. അവര്‍ ഒരുമിച്ചാണെന്ന് നീ വിചാരിക്കുന്നു. അവരുടെ ഹൃദയങ്ങള്‍ ഭിന്നിപ്പിലാകുന്നു. അവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഒരു ജനതയായത് കൊണ്ടത്രെ അത്.” (ഹഷ്ര്‍: 14) മുനാഫിഖുകളുടെ അടയാളമാണ് പരസ്പരമുള്ള ഭിന്നിപ്പും മനസ്സുകള്‍ തമ്മിലുള്ള അകല്‍ച്ചയുമെന്നും ഓര്‍മ്മപ്പെടുത്തിയപ്പോള്‍ തന്നെ അല്ലാഹു -تعالى- അതിന്‍റെ കാരണം കൂടി വ്യക്തമാക്കിയത് നോക്കൂ: “അവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഒരു ജനതയായത് കൊണ്ടത്രെ അത്.” ചിന്തിക്കുകയും കാര്യങ്ങളെ വേണ്ടവിധം പരിഗണിക്കുകയും ചെയ്യാത്തവരാണ് ഭിന്നിപ്പില്‍ അകപ്പെടുക എന്നതിന് ഈ ആയത്തില്‍ സൂചനയുണ്ട്. കാരണം “അവര്‍ക്ക് ബുദ്ധിയുണ്ടായിരുന്നെങ്കില്‍ ശ്രേഷ്ഠമായതിനെ ഒഴിവാക്കി തരംതാഴ്ന്ന അവസ്ഥയെ അവര്‍ സ്വീകരിക്കില്ലായിരുന്നു. രണ്ടു വഴികളില്‍ ഏറ്റവും മ്ലേഛമായത് അവര്‍ തിരഞ്ഞെടുക്കില്ലായിരുന്നു. (അവര്‍ക്ക് ബുദ്ധിയുണ്ടായിരുന്നെങ്കില്‍) അവരുടെ മനസ്സുകള്‍ യോജിച്ചു നില്‍ക്കുകയും, അവരുടെ വാക്കുകള്‍ ഏകമാവുകയും ചെയ്യുമായിരുന്നു.” (തഫ്സീറുസ്സഅ്ദി: 852) ഈ പറഞ്ഞതില്‍ -മുസ്ലിം സമൂഹമേ!- നമുക്ക് വലിയ പാഠമുണ്ട്. നാം ചിന്തിക്കുന്നവരും, അല്ലാഹുവിന്‍റെ ദീനിനെ പരിഗണിക്കുന്നവരും, സത്യസന്ധതയുള്ളവരുമായിരുന്നെങ്കില്‍ ഇക്കാണുന്ന ഭിന്നിപ്പും കക്ഷിത്വവും നമുക്കിടയില്‍ ഉണ്ടാകാന്‍ പാടില്ലായിരുന്നു. നാം ഒരേ മനസ്സോടെ മുന്നേറേണ്ടതായിരുന്നു. എന്നാല്‍ നമ്മുടെ അവസ്ഥയെന്താണ്?! അല്ലാഹുവല്ലാതെ മറ്റാരും നമ്മെ ഇതില്‍ നിന്ന് കരകയറ്റാനില്ല. അവനോടല്ലാതെ നമുക്ക് ആവലാതി ബോധിപ്പിക്കാനുമില്ല. മുനാഫിഖുകളുടേത് മാത്രമല്ല; മുശ്രിക്കുകളുടെയും അടയാളം ഭിന്നിപ്പും കക്ഷിത്വവും തന്നെയാണ്. അല്ലാഹു -تعالى- പറഞ്ഞു: «وَلَا تَكُونُوا مِنَ الْمُشْرِكِينَ * مِنَ الَّذِينَ فَرَّقُوا دِينَهُمْ وَكَانُوا شِيَعًا كُلُّ حِزْبٍ بِمَا لَدَيْهِمْ فَرِحُونَ» “നിങ്ങള്‍ മുശ്രിക്കുകളുടെ കൂട്ടത്തിലായിപ്പോകരുത്. അതായത്, തങ്ങളുടെ മതത്തെ ഛിന്നഭിന്നമാക്കുകയും, പലകക്ഷികളായി തിരിയുകയും ചെയ്തവരുടെ കൂട്ടത്തില്‍. ഓരോ കക്ഷിയും തങ്ങളുടെ പക്കലുള്ളതില്‍ സന്തോഷമടയുന്നവരത്രെ.” (റൂം: 31-32) ഈ ആയത്തിന്‍റെ വിശദീകരണത്തില്‍ ശൈഖ് നാസ്വിര്‍ അസ്സഅ്ദി -رحمه الله- തന്‍റെ തഫ്സീറില്‍ (പേ: 640) പറഞ്ഞു: “മുസ്ലിംകള്‍ ചിന്നഭിന്നമായി തീരുകയും, കക്ഷികളായി മാറി ഓരോ കക്ഷികളും തങ്ങളുടെ പക്കലുള്ള സത്യത്തിന്‍റെയും അസത്യത്തിന്‍റെയും പേരില്‍ വിഭാഗീയതയുണ്ടാക്കുകയും ചെയ്യുന്നതില്‍ നിന്നുള്ള ശക്തമായ താക്കീതാണ് ഈ ആയത്തില്‍ ഉള്ളത്. അപ്രകാരം സംഭവിച്ചാല്‍ മുശ്രിക്കുകളോടാണ് അവര്‍ക്ക് സാദൃശ്യമുണ്ടായിരിക്കുന്നത്. ദീന്‍ ഒന്നു മാത്രമാണ്. നമ്മുടെ റസൂലും ഒന്നു തന്നെ. നമ്മുടെ ഇലാഹും റബ്ബും ഒരുവന്‍ തന്നെ. ദീനിലെ ബഹുഭൂരിപക്ഷം വിഷയങ്ങളും പണ്ഡിതന്മാര്‍ക്കും ഇമാമീങ്ങള്‍ക്കും ഇടയില്‍ യോജിപ്പുള്ളവയാണ്. ഈമാനികമായ സാഹോദര്യമാകട്ടെ, മുസ്ലിംകള്‍ക്കിടയില്‍ അല്ലാഹു ശക്തമായി ഉറപ്പിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ ഇതെല്ലാമുണ്ടായിട്ടും; ഈ പറഞ്ഞതെല്ലാം തിരസ്കരിക്കുകയും, ഭിന്നിപ്പും ചിദ്രതയും മുസ്ലിംകള്‍ക്കിടയില്‍ പടുത്തുയര്‍ത്തുകയും ചെയ്യുക എന്നത് എന്തു മാത്രം ഗൗരവമുള്ളതാണ്?! അതാകട്ടെ, വളരെ അവ്യക്തമായ മസ്അലകളുടെയും, അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്ന ശാഖാപരമായ വിഷയങ്ങളുടെയും പേരിലും! എന്നിട്ട് ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ വഴിപിഴച്ചവര്‍ എന്നു വിശേഷിപ്പിക്കുകയും, അവരില്‍ ചിലര്‍ മറ്റു ചിലരില്‍ നിന്ന് അകന്നു നില്‍ക്കുകയും ചെയ്യുന്നു! പിശാചിന്‍റെ ദുര്‍ബോധനങ്ങളില്‍ ഏറ്റവും വലുതും, അവന്‍റെ തന്ത്രങ്ങളില്‍ ഏറ്റവും ഗൗരവമുള്ളതും ഇതല്ലാതെ മറ്റെന്താണ്?!” അല്ലാഹു ശൈഖ് നാസ്വിര്‍ അസ്സഅ്ദിയുടെ മേല്‍ കാരുണ്യം ചൊരിയട്ടെ! ഈ മഹത്തായ വാക്കുകളുടെ പേരില്‍ അല്ലാഹു അദ്ദേഹത്തെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യട്ടെ! എത്ര വലിയ സത്യമാണ് അദ്ദേഹം പറഞ്ഞത്?! എന്തു മാത്രം മനസ്സിന് ആശ്വാസമാണ് അദ്ദേഹത്തിന്‍റെ വാക്കുകളിലുള്ളത്?! എന്നാല്‍ കേള്‍ക്കുന്നവരും -പിന്‍പറ്റുന്നവരും- ആരെങ്കിലുമുണ്ടോ?! ഇതെല്ലാം വായിച്ചിട്ടും കേട്ടിട്ടും ആര്‍ക്കും മനസ്സില്‍ യാതൊരു ചലനവുമുണ്ടാകുന്നില്ലെങ്കില്‍; തങ്ങളുടെ കക്ഷിത്വത്തിലും ഭിന്നിപ്പിലും തന്നെ തുടരാനും, മുസ്ലിം സമൂഹത്തിന്‍റെ ഒരുമയുടെ വഴികളില്‍ -വാക്കുകളായും എഴുത്തായും ഷെയറും കമന്‍റുമായും- മുള്ളുകള്‍ വാരിവിതറാനാണവര്‍ ആഗ്രഹിക്കുന്നതെങ്കില്‍ -!-; അല്ലാഹുവിന്‍റെ വാക്കുകള്‍ അവര്‍ കേള്‍ക്കട്ടെ: «إِنَّ الَّذِينَ فَرَّقُوا دِينَهُمْ وَكَانُوا شِيَعًا لَسْتَ مِنْهُمْ فِي شَيْءٍ إِنَّمَا أَمْرُهُمْ إِلَى اللَّهِ ثُمَّ يُنَبِّئُهُمْ بِمَا كَانُوا يَفْعَلُونَ» “തങ്ങളുടെ മതത്തില്‍ ഭിന്നതയുണ്ടാക്കുകയും, കക്ഷികളായിത്തീരുകയും ചെയ്തവരാരോ അവരുമായി നിനക്ക് യാതൊരു ബന്ധവുമില്ല. അവരുടെ കാര്യം അല്ലാഹുവിങ്കലേക്ക് തന്നെയാണ് (മടക്കപ്പെടുന്നത്.) അവര്‍ ചെയ്തു കൊണ്ടിരുന്നതിനെപ്പറ്റി അവന്‍ അവരെ അറിയിച്ച് കൊള്ളും.” (അന്‍ആം: 159)ഇബ്നു കഥീര്‍ -رحمه الله- പറഞ്ഞു: “അല്ലാഹുവിന്‍റെ ദീനില്‍ നിന്ന് അകന്നു പോവുകയും, അതിനോട് എതിരാവുകയും ചെയ്ത എല്ലാവര്‍ക്കും ഈ ആയത്ത് ബാധകമാണ്. തീര്‍ച്ചയായും അല്ലാഹു -تعالى- അവന്‍റെ റസൂലിനെ സന്മാര്‍ഗവും സത്യമതവുമായി പറഞ്ഞയച്ചത് മറ്റെല്ലാ മതങ്ങളുടെയും മീതെ അതിന് വിജയമുണ്ടാകുന്നതിനാണ്. അല്ലാഹുവിന്‍റെ ദീനാകട്ടെ; അത് ഒന്നു മാത്രമാണ്. അതില്‍ അഭിപ്രായവ്യത്യാസങ്ങളോ ഭിന്നതകളോ ഇല്ല. ആരെങ്കില്‍ അതില്‍ അഭിപ്രായഭിന്നതയിലാവുകയും, കക്ഷികളായിത്തീരുകയും ചെയ്താല്‍; അവരില്‍ നിന്ന് നബി-صلى الله عليه وسلم-യെ അല്ലാഹു മുക്തനാക്കിയിരിക്കുന്നു… അതിനാല്‍ -ഇതാ!- ഇതാകുന്നു സ്വിറാതുല്‍ മുസ്തഖീം (നേരായ മാര്‍ഗം). അല്ലാഹുവിന് മാത്രം ഇബാദത് നല്‍കുകയും, അന്തിമ നബിയുടെ മാര്‍ഗം മുറുകെപിടിക്കലുമാണത്. അതിനോട് വിരുദ്ധമായതെല്ലാം വഴികേടുകളും അജ്ഞതയും കേവലാഭിപ്രായങ്ങളും ദേഹേഛകളും മാത്രമാണ്. അല്ലാഹുവിന്‍റെ നബിമാര്‍ അതില്‍ നിന്നെല്ലാം ഒഴിവാണ്.” (തഫ്സീറു ഇബ്നി കഥീര്‍: 3/377) അല്ലാഹു നമ്മെ -മുസ്ലിമീങ്ങളെ- സത്യത്തിന് മേല്‍ ഒരുമിപ്പിക്കട്ടെ! وَالحَمْدُ لِلَّهِ رَبِّ العَالَمِينَ، وَالصَّلَاةُ وَالسَّلَامُ عَلَى خَيْرِ الأَنَامِ، وَعَلَى آلِهِ وَأَصْحَابِهِ الأَخْيَارِ.

 
This website was created for free with Own-Free-Website.com. Would you also like to have your own website?
Sign up for free