''ഞാന്‍ മുഅ്മിനാണ്; ഇന്‍ഷാ അല്ലാഹ്' എന്ന് പറയാമോ?

ചോദ്യം: ‘ഞാന്‍ മുഅ്മിനാണ്; ഇന്‍ഷാ അല്ലാഹ്’ എന്ന് പറയുന്നതിന്‍റെ വിധി എന്താണ്? ഉത്തരം: ‘ഞാന്‍ മുഅ്മിനാണ്; ഇന്‍ഷാ അല്ലാഹ്’ എന്നിങ്ങനെ പറയാന്‍ അനുവാദമുണ്ടോ ഇല്ലേ എന്ന വിഷയത്തെ ‘ഇസ്തിസ്നാഇന്‍റെ മസ്അല’ എന്നാണ് സാധാരണയായി പണ്ഡിതന്മാര്‍ വിശേഷിപ്പിക്കാറുള്ളത്. ഇത് കുറച്ചു വിശദീകരിക്കേണ്ട വിഷയമാണ്: ഒന്ന്: ഒരാള്‍ ‘ഞാന്‍ മുഅ്മിനായിരിക്കാം; അല്ലാതെയുമായേക്കാം’ എന്ന സംശയം കാരണത്താലാണ് ‘ഇന്‍ഷാ അല്ലാഹ്’ എന്ന് പറയുന്നതെങ്കില്‍ അത് നിഷിദ്ധമാണ്. അല്ല! അത് കുഫ്ര്‍ തന്നെയാണ്. കാരണം ഈമാന്‍ ഉണ്ട് എന്നത് ദൃഢബോധ്യമുണ്ടായിരിക്കേണ്ട കാര്യമാണ്; അതില്‍ സംശയമുണ്ടാകാന്‍ പാടില്ല. രണ്ട്: ഇനി ഒരാള്‍ ‘ഞാന്‍ മുഅ്മിനാണ്’ എന്ന് പറയുമ്പോള്‍ അതൊരു സ്വയം പുകഴ്ത്തലും, വാക്കിലും പ്രവൃത്തിയിലും വിശ്വാസത്തിലും ഈമാന്‍ പൂര്‍ത്തീകരിച്ച വ്യക്തിയുാണ് താന്‍ എന്ന ധ്വനിയുണ്ടാക്കുമെന്ന ഭയം കാരണത്താലാണ് ‘ഇന്‍ഷാ അല്ലാഹ്’ എന്ന് പറയുന്നതെങ്കില്‍; അത് വാജിബ് (നിര്‍ബന്ധം) ആണ്. മൂന്ന്: ‘ഞാന്‍ മുഅ്മിനാണ്; ഇന്‍ഷാ അല്ലാഹ്’ എന്ന് പറയുന്ന സന്ദര്‍ഭത്തില്‍ അല്ലാഹുവിന്‍റെ നാമം ഓര്‍മ്മപ്പെടുത്തുവാനോ, ഈമാന്‍ ഉണ്ടായതിന് പിന്നിലെ കാരണം വിശദമാക്കാനോ ആണ് ഒരാള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അത് അനുവദനീയമാണ്. ഉദാഹരണത്തിന്; എന്‍റെ ഹൃദയത്തിലുള്ള ഈമാന്‍ അല്ലാഹുവിന്‍റെ ഉദ്ധേശം കാരണത്താലാണ് ഉണ്ടായത് എന്ന അര്‍ഥത്തില്‍. ഇതൊരിക്കലും ഈമാന്‍ ഇല്ല എന്ന സൂചന നല്‍കുന്നില്ല. ഈ പ്രയോഗം ഖുര്‍ആനിലും വന്നിട്ടുണ്ട്. അല്ലാഹു പറഞ്ഞു: «لَتَدْخُلُنَّ الْمَسْجِدَ الْحَرَامَ إِنْ شَاءَ اللَّهُ آمِنِينَ مُحَلِّقِينَ رُءُوسَكُمْ وَمُقَصِّرِينَ لَا تَخَافُونَ» “സമാധാനചിത്തരായി കൊണ്ട് തല മുണ്ഡനം ചെയ്തവരും മുടി വെട്ടിയവരും ആയികൊണ്ട് നിങ്ങള്‍ ഒന്നും ഭയപ്പെടാതെ മസ്ജിദുല്‍ ഹറമില്‍ പ്രവേശിക്കുക തന്നെ ചെയ്യുന്നതാണ് -ഇന്‍ഷാ അല്ലാഹ്-.” (ഫത്ഹ്: 27) ഖബര്‍ സന്ദശനവേളയില്‍ നബി -ﷺ- പഠിപ്പിച്ച ദുആഉം ഒരുദാഹരണമാണ്. അവിടുന്ന് പറഞ്ഞു: «وَإِنَّا إِنْ شَاءَ اللَّهُ بِكُمْ لَاحِقُونَ» “ഞങ്ങളും -ഇന്‍ഷാ അല്ലാഹ്- നിങ്ങളോടൊപ്പം ചേരുന്നവരാണ്.” ചുരുക്കത്തില്‍; ഈ വിഷയത്തില്‍ നിരുപാധികം ഒരു വിധി പറയാന്‍ കഴിയില്ലെന്നും, വിശദീകരിച്ച് മനസ്സിലാക്കേണ്ട ഒരു കാര്യമാണിതെന്നും മനസ്സിലാക്കാം. (മജ്മൂഉ ഫതാവ ഇബ്നി ഉഥൈമീന്‍: 3/85)
 
This website was created for free with Own-Free-Website.com. Would you also like to have your own website?
Sign up for free