സലഫുകളും നബി -ﷺ- യോടുള്ള ആദരവും

സലഫുകളും നബി -ﷺ- യോടുള്ള ആദരവും

സലഫുകള്‍ നമ്മുടെ റസൂലിനെ -ﷺ- വളരെ സ്നേഹിച്ചിരുന്നു. റസൂലായിരുന്നു -ﷺ- അവര്‍ക്ക് സ്വന്തങ്ങളെക്കാള്‍ വലുത്. അവിടുത്തെ സാമീപ്യം അവരെ സന്തോഷിപ്പിച്ചു. റസൂലിന്റെ -ﷺ- വിരഹം അവര്‍ക്ക് കടുത്ത ദുഃഖമായി നിലനിന്നു. സലഫുകളുടെ കണ്ണുകള്‍ നബി -ﷺ- യുടെ ഓര്‍മ്മയില്‍ പലപ്പോഴും നിറഞ്ഞൊഴുകി. 
 
റസൂലുല്ലയുടെ -ﷺ- സ്വഹാബിയായിരുന്ന ഇബ്നു ഉമര്‍ -ِرَضِيَ اللَّهُ عَنْهُمَا- നബി -ﷺ- യെ കുറിച്ച് പറയപ്പെട്ടാല്‍ വളരെ വേഗം കരയുമായിരുന്നു. (സിയര്‍: 3/214)
 
നബി -ﷺ- യെ കുറിച്ച് പറയപ്പെട്ടാല്‍ ഇമാം മാലികിന്റെ മുഖം വിവര്‍ണ്ണമാവുകയും, അവിടുന്ന് തളര്‍ന്നു കുനിഞ്ഞു പോവുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ ചുറ്റുമിരിക്കുന്നവരെ അത് പ്രയാസപ്പെടുത്താറുണ്ടായിരുന്നു.
 
അബൂ ദാവൂദ് അസ്സിജിസ്താനി -رَحِمَهُ اللَّهُ- നബി -ﷺ- യെ കുറിച്ച് പറയപ്പെട്ടാല്‍ -ഒപ്പമുള്ളവര്‍ അദ്ദേഹത്തെ സഹായിക്കുന്നത് വരെ- വളരെയധികം കരയുമായിരുന്നു. 
 
ഇമാം മാലിക് -رَحِمَهُ اللَّهُ- തന്റെ ഉസ്താദായ മുഹമ്മദ്‌ ബ്നുല്‍ മന്‍കദിറിനെ -رَحِمَهُ اللَّهُ- കുറിച്ച് പറയുന്നു: നബി -ﷺ- യുടെ ഹദീസിനെ കുറിച്ച് പറയപ്പെട്ടാല്‍ അദ്ദേഹം പൊടുന്നനെ കരയുമായിരുന്നു.
 
അബ്ദു റഹ്മാന്‍ ബ്നുല്‍ ഖാസിം -رَحِمَهُ اللَّهُ-; നബി -ﷺ- യുടെ പേര് പറയപ്പെട്ടാല്‍ അദ്ദേഹത്തിന്റെ മുഖത്ത് നിന്ന് രക്തം ഇറങ്ങിപ്പോയത് പോലെ, നാവു വരണ്ടതു പോലെ നില്‍ക്കുമായിരുന്നു. റസൂലുല്ലയോടുള്ള -ﷺ- അവിടുത്തെ ബഹുമാനം കൊണ്ടായിരുന്നു അത്.
 
ഇമാം സുഹ്രിയെ കുറിച്ച് ഇമാം മാലിക് പറയുന്നു: അദ്ദേഹം ജനങ്ങളോട് വളരെ അടുപ്പവും ഇണക്കവും കാണിക്കുന്ന വ്യക്തിയായിരുന്നു. എന്നാല്‍ നബി -ﷺ- യെ കുറിച്ച് പറയപ്പെട്ടാല്‍ പിന്നെ അദ്ദേഹത്തിന് നിന്നെയോ, നിനക്ക് അദ്ദേഹത്തെയോ പരിചയമില്ലാത്തത് പോലെ (അദ്ദേഹത്തിന്റെ ഭാവം മാറുമായിരുന്നു).
 
സ്വഫ്വാന്‍ ബ്നു സലിം നബി -ﷺ- യെ കുറിച്ച് പറയപ്പെട്ടാല്‍ നിര്‍ത്താതെ കരയുമായിരുന്നു; (ദീര്‍ഘമായി കരയുന്നതിനാല്‍) ഒപ്പമുള്ളവര്‍ ചിലപ്പോള്‍ അദ്ദേഹത്തിന്റെ അടുക്കല്‍ നിന്ന് എഴുന്നേറ്റു പോവുകയും, അദ്ദേഹത്തെ ഉപേക്ഷിക്കുകയും ചെയ്യുമായിരുന്നു.
 
റസൂലുല്ലയുടെ -ﷺ- ഹദീസ് പറഞ്ഞാല്‍ അബ്ദുറഹ്മാന്‍ ബ്നു മഹ്ദി പറയുമായിരുന്നു: "മിണ്ടാതിരിക്കൂ! നബി-ﷺ-യുടെ ശബ്ദത്തിന് മുകളില്‍ നിങ്ങള്‍ ശബ്ദമുയര്‍ത്തരുത്."
 
ഇപ്രകാരമായിരുന്നു സലഫുകള്‍. നാമെവിടെ? 
 
നമ്മുടെ സ്നേഹമെവിടെ? 
 
അവിടുത്തോടുള്ള അനുസരണമെവിടെ?
 
അവിടുത്തേക്ക് വേണ്ടിയുള്ള ഈര്‍ഷ്യമെവിടെ?
 
ഒന്നാ മുഖം കാണാനുള്ള ആഗ്രഹമെവിടെ?
 
അവിടുത്തെ കൈയ്യൊന്ന് പിടിക്കാനുള്ള വെമ്പലെവിടെ?
 
അവിടുത്തെ ശബ്ദമൊന്നു കേള്‍ക്കാനുള്ള തിടുക്കമെവിടെ?
 
റസൂലിന്റെ -ﷺ- എത്രയെത്ര വാക്കുകള്‍ നമ്മുടെ കര്‍ണ്ണപുടങ്ങളെ തഴുകി പോകുന്നു; അതിലെത്രയാണ് നമ്മുടെ മനസ്സുകളെ എഴുന്നേല്‍പ്പിച്ചത്? അവയുടെ ആഴങ്ങളില്‍ തറച്ചത്?!
 
അവിടുത്തെ ഓര്‍മ്മകള്‍ നിറഞ്ഞ ഗ്രന്ഥങ്ങള്‍ നമ്മുടെ കൈകള്‍ക്ക് മുന്നിലുണ്ട്; അതില്‍ നമ്മുടെ റസൂലിന്റെ ജീവിതമുണ്ട്; നമ്മോടുള്ള സ്നേഹമുണ്ട്; നമുക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയുണ്ട്; എന്നാല്‍ നമ്മളിലെത്ര പേരാണ് അവിടുത്തെ ജീവിതം മുഴുവനായി ഒരിക്കലെങ്കിലും വായിച്ചു തീര്‍ത്തത്?!
 
അവിടുത്തെ മരണത്തിന്റെ വേദന നിറഞ്ഞ എത്രയെത്ര ഹദീസുകളാണുള്ളത്; നമ്മിലെത്ര പേരുടെ കണ്ണുകളെയവ നനയിച്ചു?! അവിടുത്തെ വേദന നമ്മുടെ വേദനയായി അനുഭവപ്പെട്ടു?!
 
[മേലെ നല്‍കിയ ഉദ്ധരണികള്‍ 'അശ്ശിഫാ' എന്ന ഗ്രന്ഥത്തില്‍ ഖാദ്വി ഇയാദ്വ് നല്‍കിയിട്ടുണ്ട്. അവയില്‍ ഭൂരിപക്ഷവും ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ -رَحِمَهُ اللَّهُ- തന്റെ 'തവസ്സുല്‍' എന്ന ഗ്രന്ഥത്തില്‍ കൊണ്ടു വന്നിട്ടുമുണ്ട്. അവലംബം: ഫവാഇദുശ്ശൈഖ് സ്വാലിഹ് അസ്സിന്തി]
 
✍️ അബ്ദുൽ മുഹ്സിൻ ഐദീദ്, പൊന്നാനി.
 
t.me/alaswala

 
This website was created for free with Own-Free-Website.com. Would you also like to have your own website?
Sign up for free